വസുദേവപഞ്ചകം
==============
ഇതെഴുതണമെന്ന് കരുതിയതേയല്ല, പൊതുവേ കർമ്മങ്ങളെ പ്രകീർത്തിക്കുന്ന ഒന്നും പോസ്റ്റ് ചെയ്യാറില്ല, അപൂർവ്വമായി അങ്ങനെ ചെയ്യുന്നത് അന്ധവിശ്വാസം അകറ്റാനല്ല, ശരിയായ രീതി (വിശ്വാസമോ അന്ധവിശ്വാസമോ എന്നൊക്കെ ആസ്തികരും നാസ്തികരും അവരവരുടെ യുക്തിപോലെ തീരുമാനിക്കട്ടെ) എന്താണെന്ന് പറയുവാൻ മാത്രമാണ്.
നാട്ടിൻപുറത്ത് വസുദേവപഞ്ചമത്തെ "പഞ്ചമി ദോഷ" മായി തെറ്റിദ്ധരിച്ച് മരണമടഞ്ഞ ആളിൻ്റെ ബന്ധുക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ശുക്ലപക്ഷത്തെയോ, കൃഷ്ണപക്ഷത്തെയോ പഞ്ചമിതിഥിക്ക് ആരെങ്കിലും മരണപ്പെട്ടാൽ അത് വസുപഞ്ചകദോഷമോ, പഞ്ചമരണം അതായത് രണ്ടുവർഷത്തിനുള്ളിൽ കുടുംബത്ത് അഞ്ചു തുടർമരണങ്ങൾ നടക്കുവാനുള്ള സാധ്യതയോ അല്ല!
ഗരുഡപുരാണപ്രകാരം (അദ്ധ്യായം 10, ശ്ലോകം 28-33) ആണല്ലോ ഈ പൊല്ലാപ്പൊക്കെ ഉണ്ടായത്.
"അവിട്ടം പാതിതൊട്ട് രേവത്യാന്ത്യം വരേയ്ക്കും
മരിച്ചാൽ ദഹിപ്പിക്ക യോഗ്യമല്ലറിക നീ
അഥവാ ദഹിപ്പിക്കേണമെന്നാകിൽലതിൻ
വിധിപോൽ ദഹിപ്പിക്കാമൊരു ദോഷവും വരാ"
അതായത് , അവിട്ടം പകുതിക്കുശേഷം( 30നാഴികക്ക്) രേവതിവരെ (ധനിഷ്ട രണ്ടാം പാതി, ശതാഭിഷ, പൂർവ്വഭദ്രപ്രദ, ഉത്തരഭാദ്രപ്രദ, രേവതി) കുഭം, മീനം രാശികളിലെ നക്ഷത്രങ്ങളായ നാലര നക്ഷത്രങ്ങളിൽ മരണമണടഞ്ഞാലാണ് ദഹനക്രിയ ദോഷമായുള്ളത്.
എന്നാൽ ഈ നാളുകളിൽ മരണമടഞ്ഞാൽ ആ ദോഷം ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല, പലവിധ വ്യവസ്ഥകൾ കൂടി ഒത്തുവന്നാലേ ആ ദോഷം ഉണ്ടാവുകയുള്ളൂ. എല്ലാം കൂടി ഒത്തുവരുമ്പോൾ ഓരോ 27 ദിവസങ്ങളിലും ആവർത്തിക്കുന്ന ഈ നാളുകളിൽ ദോഷം വർഷത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇനി ആ നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.
(1) അവിട്ടത്തിനോട് കൂടി ചൊവ്വാഴ്ച്ച,ഏകാദശി, വൃശ്ചികലഗ്നം ഇവ ചേർന്നുവരണം
(2) ചതയത്തോടുകൂടി ബുധൻ, ദ്വാദശി, ധനു ലഗ്നം, ഇവ ചേർന്നുവരണം.
(3) പൂരോരുട്ടാതിയോടുകൂടി വ്യാഴാഴ്ച, ത്രയോദശി, മകരം ലഗ്നം ഇവ ചേർന്നുവരണം
(4) ഉത്രട്ടാതിയോടു കൂടി വെള്ളിയാഴ്ച്ച, ചതുർദശി, കുംഭ ലഗ്നം ഇവചേർന്നു വരണം
(5) രേവതിയോടുകൂടി ശനിയാഴ്ച, വാവ്, മീനലഗ്നം ഇവ ചേർന്നു വരണം.
ഇപ്രകാരം ചേർന്നുവന്നു ദോഷമായാൽ, ദഹിപ്പിച്ചുകൂടാ എന്നല്ല, വിധിപൂർവ്വം ദഹിപ്പിക്കണം എന്നാണ്. പരേതനോടൊപ്പം 5 മരണം സംഭവിച്ചതായി സങ്കൽപ്പിച്ച് 6 ചിതകൾ ഉണ്ടാവുകയും, സഞ്ചയനകർമ്മം ഈ 6 ചിതകളിലും നടത്തുകയും വേണമെന്നേയുള്ളൂ, ദഹിപ്പിക്കാം!
ഊർദ്ധമുഖരാശിയിൽ മരണം സംഭവിച്ചാൽ ഉത്തമവും, അധോമുഖരാശിയിൽ അധമവും, തിര്യങ്മുഖരാശിയിൽ മധ്യമങ്ങളും ആണ്. ഇങ്ങനെദോഷകരമായി ലക്ഷണം കണ്ടാൽ വിധി പ്രകാരം
ദഹിപ്പിക്കണം.
വസുപഞ്ചകദോഷം ഉണ്ടായാല്‍ സഞ്ചയത്തിന് മുമ്പ് ദര്‍ഭ കൊണ്ടോ കറുകകൊണ്ടോ അഞ്ചു ആൾരൂപമുണ്ടാക്കി അതിൽ കവിടി വച്ച് ശവദാഹം നടത്തുന്നതുപോലെ അഞ്ചു പട്ടടയിൽ ദഹിപ്പിക്കുകയും, സഞ്ചയനദിവസം ആദ്യം അഞ്ചു പട്ടടയിലും പിന്നീട് പ്രധാനപട്ടടയിലും സഞ്ചയനം നടത്തുകയും (അഞ്ചുപേരെ സങ്കല്പികമായി ദഹിപ്പിക്കുന്നു ഒപ്പം കർമങ്ങളും ഒരേപോലെ ചെയ്യുന്നു ) സഞ്ചയനത്തിന്റെ തലേന്ന് രാത്രി ഭദ്രകാളിക്ക് (ചുടലകാളി )പട്ടട സ്ഥാനത്തു ഗുരുതി ചെയുകയുമാണ് പതിവ്. പിന്നെ പതിനാറ് ദിവസം കഴിഞ്ഞ് ഗൃഹത്തില്‍ മൃത്യുഞ്ജയഹോമം നടത്താറുണ്ട്.
ചിലയിടങ്ങളിൽ പിണ്ഡച്ചോറുകൊണ്ട് ആഞ്ചുപേരുടെ ആൾരുപമുണ്ടാക്കി ബന്ധുക്കളാണെന് സങ്കല്പിച്ച് മരണാനന്തരക്രിയകൾ നടത്തി സംസ്ക്കരിക്കുന്നതായും കണ്ടുവരുന്നു. പുല ആചരിച്ച് പുലവിടുന്നതിന് മുൻപായി സപിണ്ഡീശ്രാദ്ധം ഊട്ടിബലി കർമ്മങ്ങൾചെയ്യണം വീട്ടിൽഅന്നദാനത്തോടെ അടിയന്തിര സദ്യനടത്തുകയും, ഒരുവർഷംകഴിഞ്ഞാൽപ്രേതവേർപാടു നടത്തുകയും ചെയ്യാറുണ്ട്. പിന്നീട് വീതുവെക്കാറില്ല (ഗരുഡപുരാണം 40, ശ്ലോകം16), വർഷംതോറും ശ്രദ്ധദിനത്തിൽ ബലിയിടുകയും ഒപ്പം അന്നദാനവും നടത്തി പ്രാർത്ഥനയും നടത്താറുണ്ട്. പിതൃക്കളുടെ ആത്മശാന്തിക്കായി സായൂജ്യപൂജയും തിലഹോമവും നടത്താറുണ്ട്.
ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നത്, എല്ലാം കുടുംബാംഗങ്ങളും പഞ്ചക്ക് യോഗമൃത്യു കർമ്മങ്ങളിൽ പങ്കെടുക്കണമെന്നും, പിതൃതർപ്പണപൂജ, പ്രാണപ്രതിസ്ഥാപനാപൂജ, രുദ്രാഭിഷേകം, നക്ഷത്രശാന്തിപൂജ, മഹാമൃത്യുഞ്ജയഹോമം എന്നിവ നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്താമെന്നും, വേണമെങ്കിൽ 6 മാസം വരെ ആ ഗൃഹം അടച്ചിടാമെന്നുമാണ് (ഗരുഡപുരാണം അദ്ധ്യായം 10, ശ്ലോകം 25-27).
പറയാനുദ്ദേശിച്ചത്, ഗരുഡപുരാണത്തിലെ വാസുദേവപഞ്ചകം, വസുപഞ്ചകം, ധനുഷ്ടപഞ്ചകം എന്നൊക്കെ പരാമർശ്ശിക്കപ്പെടുന്നത് ദോഷവും, പാവം പഞ്ചമിതിഥിയും തമ്മിൽ യാതൊരു ബന്ധവുമില്ല, മരണത്തിൻ്റെ തിഥി പഞ്ചമിയായാൽ കുടുംബത്തിൽ തുടർമരണങ്ങളുടെ ദോഷമില്ല; വെറുതേ ഭയക്കൃണ്ട, ധനം ദുർവ്യയം ചെയ്യേണ്ട ആവശ്യമില്ല!
December 1, 2024 1.3K 2