സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം. ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല. ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്. ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം. സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല. ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം. എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും. എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്. കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം. എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ ആ ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം. ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം. എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്. ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്. കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും. പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇങ്ങനെ LWA അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്. കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay, CT സ്കാൻ, Cath Lab പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുകളിൽ ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഇത് ലഭിക്കും. കൂടാതെ 'ഡിഫറെന്റലി ഏബിൾഡ്' ആയ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ ശാരീരിക അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്. മാത്രമല്ല ഇത് ലഭിക്കുന്നതിന് ഏതെങ്കിലും ഒരു അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്. എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.
സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ്… — Information to All — TG.ME
July 1, 2024 764 1