കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ പട്ടിക ജാതി ഓഫീസിലെ മുൻ സീനിയർ… — LSGD GUIDE — TG.ME

“കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ പട്ടിക ജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കിനെ വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.” ഇടുക്കി മൂന്നാർ സ്വദേശിയായ പരാതിക്കാരന്റെ മകൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 25,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ, ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കും നിലവിൽ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിൽ സീനിയർ ക്ലർക്കായി ജോലി നോക്കി വരുന്ന ഇടുക്കി ഇടവെട്ടി സ്വദേശി റഷീദ്.കെ. പനക്കൽ (വയസ്സ്:50) നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് (29.08.2026) 3 വർഷം കഠിന തടവിനും, അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പരാതിക്കാരന്റെ മകളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽനിന്നും 2019 മുതൽ അനുവദിച്ചുവന്നിരുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് തുക തന്റെ ഇടപെടലിലൂടെയാണ് വേഗത്തിൽ ലഭ്യമാക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, അതിന്റെ പ്രതിഫലമായി 2019-ലും 2020-ലും ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ മുൻ സീനിയർ ക്ലർക്ക് റഷീദ് കെ. പനക്കൽ പരാതിക്കാരനിൽനിന്നും കൈക്കൂലി വാങ്ങിയെടുത്തിരുന്നു. തുടർന്ന് 2021 ൽ അനുവദിച്ച സ്‌കോളർഷിപ്പ് തുകയുടെ ഗഡുവിൽനിന്നും 40,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും, അതിൽ ആദ്യ ഗഡുവായി 25,000/- രൂപ പരാതിക്കാരനിൽനിന്നും കൈപ്പറ്റിയ സമയം ഇടുക്കി വിജിലൻസ് യൂണിറ്റ് റഷീദ് കെ. പനക്കലിനെ കയ്യോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കും നിലവിൽ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയർ ക്ലർക്കായി ജോലി നോക്കി വരുന്ന ഇടുക്കി ഇടവെട്ടി സ്വദേശി റഷീദ്.കെ. പനക്കൽ കുറ്റക്കാരനെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് (29.08.2026) 3 വർഷം കഠിന തടവിനും അഞ്ച് ലക്ഷം പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ.രാജേഷ്.ജി ആണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി.മാരായ ശ്രീ.വി.ആർ രവികുമാർ, ശ്രീ. ഷാജു ജോസ്, പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ.വിനോദ് സി, ശ്രീ. ടിപ്സൺ തോമസ്, ശ്രീ.ഷിന്റോ പി കുര്യൻ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി. സരിത വി.എ, ശ്രീമതി. ദിവ്യ പി.എസ് എന്നിവർ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു. #keralavigilance #conviction

August 29, 2026 1.3K 2